ആനയും എലിയും പ്രണയിച്ചു. വിവാഹത്തിനെത്തിയവർ പുലിവാലു പിടിച്ചു.

ഫേക്കാമ്പുരം : വർഷങ്ങളായി പ്രണയിക്കുന്ന സുഹൃത്തുകളുടെ വിവാഹത്തിനെത്തി പുലിവാലു പിടിച്ചിരിക്കയാണ് ആനപ്പാറ  ഫെയ്സ്ബുക് ഗ്രൂപ്പിലെ അംഗങ്ങൾ. നാലുവർഷത്തെ പ്രണയം വിവാഹത്തിൽ എത്തുന്ന നിമിഷത്തിന് സാക്ഷിയാകാൻ എത്തിയവർ സാക്ഷിയായത് അതി നാടകീയമായ രംഗങ്ങൾക്ക്. 
         ആനപ്പാറ ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളായ തേൻപാറ ചഞ്ചലനൻ അന മകൾ കാതരയും ഫെയ്സ്ബുക് ഐ.ഡി. പ്രകാരം സരസൻ കുന്ന് കൊലകൊമ്പൻ ചിന്നനും തമ്മിൽ ഉള്ള വിവാഹം ആയിരുന്നു നടക്കേണ്ടിയിരുന്നത്. ഇരുവരും ആനപ്പാറ ഗ്രൂപ്പിൽ സജീവ പ്രവർത്തകരും അഡ്മിൻ പാനലിൽ അംഗങ്ങളും ആണ്. കാതരയുടെ വിവാഹാഭ്യർത്ഥന ചിന്നൻ പല തവണ നിരസിച്ചെങ്കിലും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ കൂടി നിർബന്ധം കനത്തതോടെ വഴങ്ങുകയായിരുന്നു. 
      വിവാഹ പന്തലിൽ വരൻ കൊലകൊമ്പൻ ചിന്നൻ ആനയെ കാത്തിരുന്ന വധു കാതരയും ബന്ധുക്കളും സുഹൃത്തുക്കളും വരന്റെ കൂട്ടരെ കണ്ട് ഞെട്ടി. മലവീഴാ താഴ്വരയിലെ എലി രാജൻ മാർജ്ജാര ശത്രുവും സുഹൃത്തുകളും ആയിരുന്നു വരനും കൂട്ടരും. എലികളിലെ രാജാവായ തനിക്ക് ഒരു ആനയുടെ ശക്തി ഉണ്ടെന്നും ആനപ്പെണ്ണിനെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്താൽ കൊലകൊമ്പൻ ചിന്നൻ ആന എന്ന പേരിൽ വ്യാജ ഫെയിസ്ബുക്ക് അകൗണ്ട് നിർമിച്ച് കാതര ആനയുമായി അടുക്കുകയായിരുന്നെന്നും മാർജ്ജാരശത്രു ഏറ്റുപറഞ്ഞു. ഇതിനിടെ വധുവിന്റെ ബന്ധുക്കൾ ക്രോധം പൂണ്ട് ചിഹ്നംവിളിച്ചതുമൂലം സ്ഥലത്തെത്തിയ സൈബർ കുറ്റാന്വേഷണ വിദഗ്ധൻ സുബൈർ പുള്ളിപ്പുലി പ്രശ്നം കനത്ത വിശ്വാസ വഞ്ചന ആണെന്നും കേസ് എടുക്കുമെന്നും പറഞ്ഞതോടെ എലി രാജാവും സംഘവും പരുങ്ങലിലായി. എന്നാൽ മാർജ്ജാരശത്രുവിനെതിരേ കേസ് നൽകുന്നില്ലെന്നും സുബൈർ സൈബർ പോലീസ് അറസ്റ്റുചെയ്താൽ അത് മാർജ്ജാര ശത്രുവിന്റെ ജീവന് തന്നെ ഭീഷണി ആയേക്കുമെന്നും കാതര ആന നിലപാടെടുത്തതിനെ തുടർന്ന് വധുവിന്റെയും വരന്റേയും ബന്ധുക്കൾ ചേർന്ന് സുബൈർ സൈബർ പോലീസിന്റെ വാലുപിടിച്ച് അപേക്ഷിക്കുകയും കേസിൽ നിന്നും ഒഴിവാക്കുകയുമായിരുന്നു. 
      കൊലകൊമ്പൻ ചിന്നൻ എന്ന മാർജ്ജാരശത്രുവിനെ ആനപ്പാറ ഗ്രൂപ്പിന്റെ അഡ്മിൻ പാനലിൽ നിന്നും ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതായും ഗ്രൂപ്പ് അംഗങ്ങൾ എല്ലാം ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്നും സംഘത്തിലെ തലമൂത്ത ആനയായ മേഘൻ മദയാന അറിയിച്ചു. ഗ്രൂപ്പിൽ ഇനിയും ഫേക്ക് അകൗണ്ടുകൾ ഉണ്ടായേക്കാമെന്നും ഇതിനു മുൻപും ഇത്തരം ഫെയ്സ്ബുക്ക് പ്രണയങ്ങളുടെ പര്യവസാനങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്നും എല്ലാവരും സൂക്ഷിച്ച് ഈ വിഷയം കൈകാര്യം ചെയ്യണമെന്നും സൈബർ വിദഗ്‌ധൻ കൂടിയായ സുബൈർ പുള്ളിപ്പുലി അറിയിച്ചു. കാതര ആനയും മാർജ്ജാരശത്രു എലിരാജനും മൗനത്തിൽ ആയതിനാൽ ഇവരുടെ മനസറിയാനോ ബന്ധത്തിന്റെ ഭാവിയെ പറ്റി അറിയാനോ കാനനഭൂമിക്ക് കഴിഞ്ഞിട്ടില്ല. ഇവരുടെ പ്രതികരണത്തിനായി കാനന ഭൂമി ലേഖകൻമാർ നിരന്തരം ശ്രമിക്കുന്നുണ്ട്. അപ്പപ്പോൾ ഉള്ള വിവരങ്ങൾക്കായി കാനനഭൂമി സന്ദർശിക്കുക.

കാനനഭൂമി ഇപ്പോൾ ഓൺലൈൻ ആയും വായിക്കാം
https://kananabhoomi.blogspot.com/?m=1

@Kananabhoomi എന്ന ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജും ലൈക്ക് ചെയ്യുക.

Comments

Popular posts from this blog

ഗുണ്ടാ വിളയാട്ടം: കൊലുമ്പൻ കലമാനിന്റെ കൊമ്പൊടിഞ്ഞു

കിങ്ങിണിക്കാട്ടിൽ വടംവലി മത്സരം